.
2020 ജനുവരി ആദ്യ ആഴ്ച്ചയോട് കൂടിയാണ് കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ചത്.പിന്നീട് അത് മറ്റ് ലോക രാഷ്ട്രങ്ങളിലേക്കും ബാധിച്ചു.രാജ്യങ്ങൾ ഭയാശങ്കയിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും ആയി. ഇറ്റലിയിൽ നിന്ന് വന്ന മലയാളികളിൽ കോവിഡ് സ്ഥിരീകരിച്ചത് കേരളത്തെയും ആശങ്കയിലാഴ്ത്തി.പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.2020 മാർച്ച് 24 മുതൽ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ ആയി. വീട്ടിൽ ഇരുന്ന് രോഗത്തെ ചെറുത്തു തോൽപ്പിക്കുക എന്ന മഹാ ദൗത്യം. സംഗതിയുടെ ഗൗരവം മനസിലായതോടെ കേരളത്തിലെ ആളുകൾ വളരെ സംയമനവും അച്ചടക്കവും പാലിച്ചിട്ടുണ്ട്.
ഗതാഗതം പാടേ നിലച്ചു. റയിൽ ,വ്യാമഗതാഗതവും നിലച്ചു. പല സർക്കാർ സ്ഥാപനങ്ങളും ഒന്നോ രണ്ടോ ജീവനക്കാർ മാത്രമായി തുറന്നു വച്ചു.സ്ക്കൂളുകൾ അടഞ്ഞുകിടന്നു. ക്ഷേത്രങ്ങളിലും പള്ളികളിലും ചടങ്ങുകൾ മാത്രമായി.വിവാഹത്തിൽ വരനും വധുവും ഉൾപ്പടെ അഞ്ച് പേർ മാത്രം .
ആർഭാടത്തിൻ്റെയും ധൂർത്തിൻ്റെയും പൊങ്ങച്ചത്തിൻ്റേയും പര്യായമായിരുന്ന പല വിവാഹങ്ങളും ലളിതമായി നടന്നു.ഇങ്ങനെയും വിവാഹം നടത്താം എന്ന് പലരും തെളിയിച്ചു.
നമുക്ക് പുതിയ തായി ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഒരു ധാരണ പലർക്കും ഉണ്ടായിട്ടുണ്ട്. ശുദ്ധവായു ശ്വസിക്കാൻ പറ്റാതെ മൂക്കുപൊത്തി റോഡിലൂടെ നടന്നിരുന്ന മലയാളികൾ ശുദ്ധവായു കണ്ടത് ഇപ്പോഴാണ്.വാഹനങ്ങളിൽ നിന്ന് പ്രത്യേകിച്ചും കാലപ്പഴക്കം കൂടിയ സ്വകാര്യ ബസുകളിൽ നിന്നും ലോറികളിൽ നിന്നും പുക നിഷ്ക്കരുണം ബഹിർഗമിച്ചു കൊണ്ടേയിരുന്നു.പുക സർട്ടിഫിക്കറ്റ് ഇവർക്കു ബാധകമല്ല എന്നു തോന്നും. ഇനിയെങ്കിലും അത്തരം വാഹനങ്ങൾ നിരത്തിൽ ഓടുന്നില്ല എന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം.വേനൽക്കാലത്താണെങ്കിൽ പൊട്ടിപൊളിഞ്ഞ റോഡിൽ നിന്നുള്ള പൊടി വേറെ. സമയാസമയങ്ങളിൽ റോഡ് അറ്റകുറ്റപണി നടത്താനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. മാസ്ക് ഇനി അങ്ങോട്ട് ധരിക്കാൻ മടിക്കേണ്ട. പൊടിയിൽ നിന്നും പുകയിൽ നിന്നും ആശ്വാസം ലഭിക്കാനും കൂടി അത് ഉപകരിക്കും.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നമ്മൾ റോഡരികിലും ബസ് സ്റ്റാൻഡിനുള്ളിലും പൊതുയോഗങ്ങൾ നടത്തിയിരുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരുന്നു എന്നുള്ളത് ഖേദകരമാണ്. ഗതാഗതം തടസ്സപ്പെടുത്തുന്നത് വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും സാധാരണ ജനങ്ങൾക്ക് ഉണ്ടാക്കും. ധാരാളം ആളുകളെ കൂട്ടി റോഡ് സൈഡിലുള്ള പൊതുയോഗങ്ങൾ അവസാനിപ്പിക്കണം. വേണമെങ്കിൽ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടാലും കാണേണ്ടവർ കാണും. അപ്പോൾ തന്നെ പ്രതികരണവും അറിയാം. സമാധാനത്തിൻ്റേയും സ്നേഹത്തിൻ്റേയും അന്തരീക്ഷം നാട്ടിൽ സംജാതമാക്കണം.
തീയറ്ററിൽ പോയി സിനിമ കാണുന്നത് വർഷത്തിൽ രണ്ടെണ്ണമാക്കുക.പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കുക.പൊതു ടോയ്ലറ്റുകൾ മറ്റുള്ളവർക്കു കൂടി ഉപയോഗിക്കേണ്ടതാണെന്ന ബോധ്യത്തോടെ ഉപയോഗിക്കുക. വൃത്തിയുടെ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തുക.
നമുക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങുക. അനാവശ്യ സാധനങ്ങൾ വാങ്ങി പൈസ ദുർവ്യയം ചെയ്യാതിരിക്കുക.ഈ ലോക്ക് ഡൗൺ കാലത്ത് പലരുടെ കയ്യിലും പൈസ ഇല്ലാതെ വന്നത് ദുർവ്യയം കൊണ്ടാണ്. നാളേക്ക് കരുതുന്ന ശീലം ഉണ്ടാക്കി എടുക്കുക. പത്രം വരുത്തുന്ന ശീലം ഉണ്ടാക്കുക. അതാത് സമയത്തെ കാര്യങ്ങൾ പത്രപാരായണത്തിലൂടെ മനസിലാക്കാൻ കഴിയും.വിദഗ്ദ്ധരുടെ ലേഖനങ്ങൾ പത്രത്തിൽ വായിക്കാം.
സമൂഹത്തിലെ നിർദ്ധനരേയും ആലംബഹീനരേയും കഴിവ് അനുസരിച്ച് സഹായിക്കുക. ഫെയ്സ് ബുക്കിലും വാട്ട്സ് ആപ്പിലും ഇടാൻ വേണ്ടിയുള്ള സഹായമാവരുത്. ചെയ്തു കൊടുക്കുന്ന നൻമകൾ എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും സഹായം സ്വീകരിക്കുന്നവരുടെ ഫോട്ടോ ഇടാതിരിക്കാൻ ശ്രദ്ധിക്കുക.
തനിക്ക് മാത്രം ജീവിച്ചാൽ മതി എന്നുള്ളതരത്തിലുള്ള മൽസരം ഒഴിവാക്കണം. നാം ഓരോരുത്തരും ഈ മനോഹര ഭൂമിയുടെ അവകാശികളാണ്.മരങ്ങളും ചെടികളും നട്ട് ഭൂമി സുന്ദരമാക്കുക. ജലാശയങ്ങൾ സംരക്ഷിക്കുക, മലിനമാക്കരുത്. ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ മറക്കരുത്. പച്ചക്കറികൾ ഓരോ വീട്ടിലും വിളയട്ടെ. മൊബൈലിൽ നോക്കിയിരിക്കുന്നതിൽ നിന്ന് കുറച്ചു സമയം നീക്കിവെച്ചാൽ വീട്ടിൽ കുറച്ചു ചീരയും പാവലും കോവലും പടവലവും പാവയ്ക്കയും മായമില്ലാതെ ഉണ്ടാക്കി കഴിക്കാം. പ്ലാവും മാവും മുരിങ്ങയും ഈ കോവിഡ് കാലത്ത് എനിക്ക് ചെയ്ത ഉപകാരം മറക്കില്ല. ഗുണമുള്ളവയെ തിരിച്ചറിയുക.
വിവാഹങ്ങൾ ലളിതമായി നടത്തി ആർഭാടത്തിൻ്റേയും പൊങ്ങച്ചത്തിൻ്റേയും വേദികളാക്കാതെ കുറച്ചു പണം അനാഥമന്ദിരങ്ങൾക്കും നിർദ്ധന യുവതികളുടെ കല്യാണത്തിനും ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതിനും ഉപയോഗിച്ചാൽ വലിയൊരു പരിവർത്തനത്തിന് നമ്മൾ തുടക്കമിടുകയാവും ചെയ്യുക.
പഴയ കൂട്ടുകുടുബ വ്യവസ്ഥിതിയിൽ ജീവിക്കാൻ കഴിഞ്ഞാൽ ബന്ധങ്ങളുടേയും സ്നേഹത്തിൻ്റേയും വില കൂടുതലായി മനസിലാക്കാൻ കഴിയും എന്നു തോന്നാറുണ്ട്. എങ്കിലും ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം എപ്പോഴും നല്ലതാണെന്ന് മുന്നോട്ടുള്ള യാത്രയിൽ നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യൻ്റെ കാലുകൾ മുന്നോട്ടാണ് നടക്കുന്നത്, പുറകോട്ടല്ല. ഇപ്പോഴുള്ള പ്രതിസന്ധികളെയൊക്കെ അതിജീവിച്ച് ജീവിതം തുടരുക തന്നെ ചെയ്യും.
- ശുഭം -
✍️M@ju.
No comments:
Post a Comment