Sunday, August 23, 2020

അനുഭവങ്ങൾ പാളിച്ചകൾ സ്മരണകൾ-36, സാക്ഷരത



ഞാൻ സ്കൂളിൽ ജോയിൻ ചെയ്തതിനു ശേഷം വന്ന ആദ്യ ശനിയാഴ്ച സാക്ഷരതയുടെ ഒരു മീറ്റിങ്ങിലാണ് പങ്കെടുക്കുന്നത്. അന്ന് ഏകദേശം നൂറ് ആളുകൾ ആമീറ്റിങ്ങിൽ ഉണ്ടായിരുന്നു. ശ്രീ.പ്രസാദ് സാക്ഷരതയുടെ മാസ്റ്റർടെയിനർ ആയിരുന്നു.പ്രസാദും വേറെ ഒന്നു രണ്ട് പേരും ക്ലാസെടുത്തു.പിന്നെ ക്രമേണ ഞാനും സാക്ഷരതാ പ്രസ്ഥാനത്തിൻ്റെ മാസ്റ്റർ ട്രെയിനർ ആയി. ശനിയും ഞായറും ഒരു ദിവസം പോലും ഒഴിവില്ലാതെ സാക്ഷരതാ പ്രവർത്തനം, രാഷ്ട്രീയ പ്രവർത്തനം, ഡി.വൈ.എഫ്.ഐ പ്രവർത്തനം, കെ.എസ്.ടി.എ പ്രവർത്തനം ഇവയിൽ സജീവമായി.സ്കൂൾ വിട്ടു വന്നാൽ വൈകുന്നേരങ്ങളിൽ സാക്ഷരതാ പ്രവർത്തനം കഴിഞ്ഞു വരുമ്പോൾ രാത്രി പത്ത് മണിയൊക്കെ ആവും.


       നിരക്ഷരരായ കുറച്ച് ആളുകളെ ഒരു വീട്ടിൽ എത്തിച്ച് അവിടെ ഒരു ട്രെയിനർ ക്ലാസ്സെടുക്കും. അത്തരം പല ക്ലാസുകൾ പല വീടുകളിൽ നടന്നുകൊണ്ടിരുന്നു. ആ ക്ലാസുകളുടെ മേൽനോട്ടമാണ് മാസ്റ്റർ ട്രെയിനർമാർക്ക്.ഞങ്ങളോടോപ്പം അസിസ്റ്റൻ്റ് പ്രോജക്ട് ഓഫീസർ ശ്രീ.വി.സി.ചന്ദ്രൻ മാസ്റ്റർ ചിലപ്പോൾ പ്രോജക്ട് ഓഫീസർ മുതലായവർ ഒപ്പം ഉണ്ടാവാറുണ്ടായിരുന്നു.


    എഴുതാനും വായിക്കാനും കഴിയുന്നത് ഭാഗ്യം ഭാഗ്യം

തന്നെത്താനെഴുന്നേറ്റു നടക്കാൻ കഴിയുന്നതു ഭാഗ്യം ഭാഗ്യം എന്ന പാട്ടിൻ്റെ വരികളൊക്കെ ഇപ്പോഴും മനസിലൂടെ കടന്നുപോകുന്നു. ഒരു ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ നേരിട്ടറിയുവാൻ ഈ യാത്രകൾ സഹായകമായിട്ടുണ്ട്. സ്നേഹസമ്പന്നരായ നാട്ടുകാർ.ഭൂരിഭാഗവും കൃഷിക്കാർ.


     ഇതിനിടയിലാണ് ജില്ലാ കൗൺസിൽ ഇലക്ഷൻ വരുന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജില്ലാ കൗൺസിൽ ഇലക്ഷൻ നടക്കുന്നത്.ഇലക്ഷൻ പ്രചരണത്തിൽ സജീവമാകാനും മുഴുവൻ ജനങ്ങളുമായി അടുത്തിടപഴകാനും ഇലക്ഷൻ പ്രചാരണത്തിലൂടെ കഴിഞ്ഞു.


    ശ്രീ.വി.സി.ചന്ദ്രൻ മാഷുടെ വീട് ഇലക്ഷൻ പ്രവർത്തനം നടത്താനും മീറ്റിങ്ങുകൂടാനുമായി മാറ്റി വച്ചിരുന്നു. ശ്രീ. പിണറായി വിജയനായിരുന്നു അന്ന് പാലക്കാട് ജില്ലയുടെ ഇലക്ഷൻ്റെ ചുമതല. സഖാവ് പിണറായി വി.സിയുടെ വീട്ടിൽ വന്നതും എന്നോട് സംസാരിച്ചതും ഓർമ്മിക്കുന്നു. ജില്ലാ കൗൺസിൽ ഇലക്ഷന് ഇടതുപക്ഷ സ്ഥാനാർത്ഥി ജയിച്ചു.


  ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഒരു യൂണിറ്റ് രൂപീകരിച്ച് യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.


   ചുരുക്കി പറഞ്ഞാൽ നായ്ക്കൊട്ടു പണിയുമില്ല ഇരിക്കാനൊട്ടു നേരവുമില്ല എന്നു പറഞ്ഞ പോലെയായി എൻ്റെ കാര്യങ്ങൾ.


 ജീവിതത്തിലെ തിരക്കും അലച്ചിലും എനിക്ക് ഇഷ്ടമായിരുന്നു.


    പ്രസാദും ഞാനും ഇണപിരിയാത്ത കൂട്ടുകാരായി. ഊണിലും ഉറക്കത്തിലും 3 കൊല്ലക്കാലം ഞങ്ങൾ ഒരുമിച്ചായിരുന്നു. സ്കൂളിൽ പോകലും വരവും എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങൾ ഒരുമിച്ച് നിന്നു.

   താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ തമ്മിൽ ചിലപ്പോൾ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായാലും പുറത്തിറങ്ങിയാൽ ആ നിമിഷം ഞങ്ങൾ ഇണങ്ങുമായിരുന്നു. ഞങ്ങളെ ഒരുമിച്ചല്ലാതെ ആരും കണ്ടിട്ടില്ല പ്രസാദ് പി.എസ്.സി കിട്ടി പോകുന്നത് വരെ. (പിന്നീടും ആ സ്നേഹ ബന്ധം തുടർന്നു.2019ജനുവരി 7 ന് പ്രസാദിൻ്റെ മരണം വരെ. പ്രസാദ് 48 വയസിൽ ഈ ലോകത്തോട് വിട പറയുകയായിരുന്നു. അക്കാര്യങ്ങൾ ഇനി ഒരിക്കൽ എഴുതാൻ പറ്റിയിൽ എഴുതാം).


     പിന്നെ തനിച്ചായി യാത്ര. പക്ഷേ തനിച്ചാണെന്ന് ഒരിക്കലും തോന്നിയില്ല. പാർട്ടി പ്രവർത്തനവും സംഘടനാ പ്രവർത്തനവും ആവേശം നൽകി. ജനങ്ങളുടെ സ്നേഹവും ഊർജം നൽകി.


    2000 ഡിസംബറിൽ കയ്യ്ക്ക് പറ്റിയ പരിക്കിനെ തുടർന്ന് പ്രവർത്തനങ്ങൾ കുറച്ചു. ആവശ്യം വേണ്ട കാര്യങ്ങൾക്കു മാത്രം പങ്കെടുക്കുന്ന ശീലമായിരുന്നു പിന്നീട് അനുവർത്തിച്ചത്.

 

                     (തുടരും)


✍️ മജു


🌺🌼🌺🌹🌺🌼🌺🌹🌺🌼🌺🥀🌺🌼🌺🌹

No comments:

Post a Comment