അച്ഛൻ മകനയച്ച കത്തുകൾ - 35
ശ്രീ
സ്ഥലം,
31. 10.94.
Dear Maju,
27/10 ന് അയച്ച കത്ത് 29 ന് കിട്ടി.വിവരം അറിഞ്ഞ് സന്തോഷിക്കുന്നു. ഭൂമി ഇടപാട് നടത്തുന്നത് തന്ത്രപൂർവ്വമായിരിക്കണം. വില അയാളെക്കൊണ്ട് തന്നെ പറയിക്കണം. ധൃതികൂട്ടരുത്. വളരെ അത്യാവശ്യക്കാരനാണെന്ന് തോന്നരുത്. വില അയാൾ പറഞ്ഞാൽ തന്നെ ഉടനെ ആ സംഖ്യയ്ക്ക് സമ്മതം മൂളരുത്. പേശ ണം. മാഷ് വാങ്ങിയ സ്ഥലത്തിൻ്റെ വില അറിയാമല്ലോ? വീടിന് കാര്യമായ വിലകാണരുത്. അത് വളരെ പഴകി ജീർണ്ണിച്ചതാണല്ലോ... അത് കൊണ്ട് വളരെ ബുദ്ധിപൂർവ്വം വേണം ഇടപെടാൻ. അത് ആകെ എത്ര സെൻ്റാണ് എന്നറിഞ്ഞില്ലല്ലോ?
രൂപാ ബാങ്കിൽ നിക്ഷേപിച്ചത് നന്നായി. ചിലവു ചുരുക്കി ശംബളം മിച്ചം വരുന്നത് ബാങ്കിലിടുക. കുറച്ചു മാസം കഴിയുമ്പോൾ നല്ലൊരു സംഖ്യ ബാങ്കിലുണ്ടാകും. ഇതുപോലുള്ള ആവശ്യങ്ങൾ കടമെടുക്കാതെ നടത്താൻ കഴിയും. അതു കൊണ്ട് മിച്ചം വയ്ക്കുവാൻ ശ്രദ്ധിക്കുക. കിട്ടുന്നത് മുഴുവൻ ചിലവഴിച്ചത് കൊണ്ട് വലിയ കാര്യമില്ല. എല്ലാം അവരവർ തന്നെ തീരുമാനിക്കണം. കർശനമായി ചിലവു ചുരുക്കണം.
ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. 4-ാം തീയതിക്കു ശേഷം ബിജുവിൻ്റെ കത്തൊന്നും വന്നില്ല. നിനക്ക് സുഖമെന്നു വിശ്വസിക്കുന്നു. മറ്റൊന്നും കൂടുതലായി എഴുതാനില്ല. കത്തു ചുരുക്കുന്നു.
സസ്നേഹം,
അച്ഛൻ.
No comments:
Post a Comment