എട്ടാം ക്ലാസിലേക്ക് കടന്നതോടുകൂടി പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. പഠിക്കുന്നതിനൊപ്പം ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്ന ശീലവും ഇക്കാലത്ത് തുടങ്ങി. രണ്ട് ലൈബ്രറിയിൽ മെമ്പർഷിപ്പും എടുത്തു. പൂമ്പാറ്റയും അമ്പിളി അമ്മാവനും യുറീക്കയും ശാസ്ത്ര കേരളവും മറ്റ് സയൻസ് സംബന്ധമായ പുസ്തകങ്ങളും എന്റെ വായനയെ പോഷിപ്പിച്ചിട്ടുണ്ട്. കലാകൗമുദിയും വീക്കും വീട്ടിൽ വരുത്തിയിരുന്നു. പത്രം വായിക്കുന്നതും ശീലമായിരുന്നു.
കലാകൗമുദിയിൽ ഉണ്ടായിരുന്ന സാഹിത്യ വാരഫലം പംക്തി പ്രൊഫസർ.എം.കൃഷ്ണൻ നായർ സർ എഴുതുന്നതും സാഹിത്യത്തെ കുറിച്ച് നല്ല ഒരു വീക്ഷണം നൽകി. പിന്നീട് അദ്ദേഹം സമകാലിക മലയാളം വാരികയിൽ സാഹിത്യ വാരഫലം എഴുതി .
മാക്സിം ഗോർക്കിയുടെ പരിശീലനവും രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലിയും വായിച്ചു.
സ്കൂൾ ടീച്ചറായ അമ്മ സ്കൂൾ ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടുവന്ന ബംഗാളി നോവലായ ആശാ പൂർണ്ണാദേവിയുടെ പ്രഥമ പ്രതിശ്രുതിയും ബിമൽ മിത്രയുടെ പ്രതി ഹാജരുണ്ട് നമ്മുടെ ജ്ഞാനപീഠ ജേതാവ് തകഴിയുടെ ചെമ്മീൻ, എം.ടിയുടെ രണ്ടാമൂഴം, എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തമിഴ് എഴുത്തുകാരൻ അഖില ന്റെ ചിത്തിരപ്പാ വൈ തുടങ്ങിയ മഹത്തായ നോവലുകൾ ഈ സമയത്ത് വായിച്ചു തീർത്തു. പലപ്പോഴും രാത്രി 9:30 വരെ പഠിക്കാനുള്ള പുസ്തകങ്ങൾ വായിക്കും. അതു കഴിഞ്ഞാണ് ഈ പുസ്തകവായന. വായനയിൽ ഹരം കേറി ഇരുന്ന ഇരിപ്പിന് നാനൂറും അഞ്ഞൂറും പേജ് വായിച്ചു തീർക്കും. വായനയിലെ ഹരമാണ് ഉറക്കമൊഴിച്ച് വായിക്കാൻ കാരണം. കിടക്കുമ്പോൾ രണ്ട് മണിയോ മൂന്ന് മണിയോ ആയിട്ടുണ്ടാകും. പിന്നീടും വളരെക്കാലം വായന തുടങ്ങിയാൽ തീരുന്നതുവരെ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. കുറച്ച് വർഷമേ ആ ശീലം മാറ്റിയിട്ട് ആകുന്നുള്ളൂ.
കൃത്യമായി ഒരു നിശ്ചിത സമയം വായിക്കുക, പിന്നെ കൃത്യ സമയത്ത് ഉറങ്ങുക എന്നുള്ള ഒരു ശീലം ഉണ്ടാക്കി എടുത്തു. അതാണ് നല്ല ശീലവും.കൃത്യ സമയത്ത് ഉറങ്ങുക, കൃത്യ സമയത്ത് ഉണരുക.
പ്രഥമ പ്രതിശ്രുതിയും പ്രതി ഹാജരുണ്ട്, ഒരു ദേശത്തിന്റെ കഥ, ചിത്തിരപ്പാ വൈ യുമൊക്കെ ഒരു കാലഘട്ടത്തിന്റെ ചിത്രീകരണം മനോഹരമായി നിർവ്വഹിക്കുകയും വായനക്കാരെ നന്നായി സ്വാധീനിക്കുകയും ചെയ്യുമ്പോൾ തന്നെ ആധുനിക നോവലിസ്റ്റുകളായ പെരുമാൾ മുരുകന്റെ കീഴാളർ, എസ്.ഹരീഷിന്റെ മീശ തുടങ്ങിയവയൊക്കെ ആഖ്യാന പാടവം മികച്ച താ ണെങ്കിലും കഥാപാത്രങ്ങൾ പറയുന്ന പൂര തെറികൾ അങ്ങനെ തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. മീശ തരക്കേടില്ലാത്ത നോവലാണ്.ആ വിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തുകയല്ല, എഴുത്തുകാരന് എന്തിനും സ്വാതന്ത്ര്യമുണ്ട് എന്നുള്ള വസ്തുതയും മറക്കുന്നില്ല. ഒരു പ്രത്യേക കാലഘട്ടങ്ങൾ ചിത്രീകരിക്കാൻ അങ്ങനെയൊക്കെ വേണമായിരിക്കും. എങ്കിലും ഇത്തരം നോവലുകൾ ഒരു കൗമാരക്കാരന് യോജിച്ചതാണെന്ന അഭിപ്രായമില്ല. തെറ്റും ശരിയും വേർതിരിച്ചറിയുന്ന പ്രായക്കാർ ഇത്തരം നോവലുകൾ വായിക്കുന്നതു കൊണ്ട് കുഴപ്പമില്ല.
മിലൻ കുന്ദേര യു ടെ നോവലിലും തെറികൾ മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. അത് അവരുടെ സ്വാതന്ത്ര്യവുമാണ്.
ആശാ പൂർണ്ണാദേവിയും എസ്.കെ.പൊറ്റക്കാടുമൊക്കെ ആഖ്യാനരീതിയിൽ മൂല്യശോഷണം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വായനക്കാരെ നല്ല ജീവിതം നയിക്കാൻ പ്രാപ്തമാക്കുന്നവയാണ് ഇവ.എം.ടി.യുടെ കഥകളൊക്കെ വായനക്കാരെ പിടിച്ചിരുത്തുന്നതാണ്. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ കഥകളിലൂടെ ജീവിതം തന്നെ തുറന്നു കാട്ടുന്നു.
മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധീകരി ച്ചിരുന്ന ഭുജംഗയ്യന്റെ ദശാവതാരങ്ങൾ വായിക്കാൻ കാത്തിരുന്നിട്ടുണ്ട്. ഈ നോവലും വായനക്കാരെ ആവേശത്തിൽ എത്തിക്കും.
ആധുനിക എഴുത്തുകാരുടേയും പഴയ എഴുത്തുകാരുടേയും വീക്ഷണകോണുകൾ രണ്ട് രീതിയിലായത് കാലഘട്ടത്തിൽ വന്ന മാറ്റം കൊണ്ടാവാം.
ഈയിടെ ഇറങ്ങിയ സി.രാധാകൃഷ്ണൻ സാറിന്റെ തീക്കടൽ കടഞ്ഞ തിരുമധുരവും മനോഹരമായ നോവലാണ്.
ഒ.വി.വിജയൻ എഴുത്തിന്റെ ലോകത്ത് സമാനതകളില്ലാത്ത കറകളഞ്ഞ എഴുത്തുകാരനാണ്. ധർമ്മപുരാണവും ഖസാക്കിന്റെ ഇതിഹാസവുമൊക്കെ ഇതിഹാസമായി തുടരും എന്നുള്ളതിന് തർക്കമില്ല.
മനുഷ്യന്റെ കാലുകൾ മുന്നോട്ടാണ് സഞ്ചരിക്കുന്നത്, പിന്നോട്ടല്ല. സാഹിത്യത്തിൽ എന്തൊക്കെ തരം പ്രവണതകൾ ഉണ്ടായാലും കാലഘട്ടത്തിനനുസരിച്ച് ശൈലികൾ മാറിയാലും കാലത്തേയും ദേശത്തേയും അതിജീവിക്കുന്ന നല്ല നോവലുകളും കഥകളും ഉണ്ടായികൊണ്ടിരിക്കും.സാഹിത്യവും മുന്നോട്ട് തന്നെ പോകും. വായന ഒരിക്കലും മരിക്കുന്നില്ല.
(തുടരും....)
✍️മജു.
💥❣️🔥💞🍂🌞💞💥💢🍂💥💢💕🍂🌞💞💥
No comments:
Post a Comment