ഉൽസവങ്ങൾ, ആഘോഷങ്ങൾ, ഒരു ആന പുറത്തേറൽ.
കുറച്ച് രസകരമായ അനുഭവങ്ങളാണ് വായനക്കാരുമായി പങ്കു വയ്ക്കുന്നത്.
എന്റെ ചെറുപ്പത്തിൽ വളരെ ആഹ്ലാദം അനുഭവപ്പെട്ടിരുന്ന ഒരു ആഘോഷമാണ് വിഷു. വിഷുവിന് പടക്കം പൊട്ടിക്കാമെന്നുള്ളതാണ് അതിന്റെ ഒരു രസം.
മദ്ധ്യവേനലവധിക്കാണ് വിഷുവരുന്നത് എന്നതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് പടക്കം വാങ്ങിക്കാൻ തരുന്ന പൈസ കൂടാതെ വീട്ടിലേയും കളിക്കാൻ പോകുന്ന തൊടികളിലേയും കശുവണ്ടി പെറുക്കി എടുത്ത് അതുകൊടുത്തും പടക്കം വാങ്ങും.
വീടിനടുത്തുള്ള രണ്ട് ചേട്ടൻമാർ പടക്കം വീട്ടിലിരുന്ന് കെട്ടുന്നുണ്ട്. നല്ല പനയോല ഉണക്കി എടുത്ത് അതിൽ വെളുത്ത നിറമുള്ള വെടിമരുന്നിട്ട് പടക്കം കെട്ടി തരും. പടക്കത്തിനുള്ള തിരിയൊക്കെ നേരത്തെ തിരിക്കുള്ള കറുത്ത മരുന്നിൽ മുക്കി മുറിച്ച് വെച്ചിരിക്കും.
കൂടുതൽ വെടിമരുന്നിട്ട് കൂടുതൽ ശബ്ദം കേൾക്കുന്ന ഗുണ്ട് മുതലായവ കെട്ടി തരും. അതിന് കൂടുതൽ പൈസ കൊടുക്കണം. അല്ലെങ്കിൽ കൂടുതൽ കശുവണ്ടി കൊടുക്കണം. വലിയ ഗുണ്ടൊക്കെ ഞങ്ങൾ തെങ്ങിൽ കെട്ടിവെച്ചാണ് പൊട്ടിക്കുക. തെങ്ങ് ഗുണ്ട് പൊട്ടണ ശബ്ദം കേട്ട് പേടിച്ച് അടുത്തതവണ കൂടുതൽ തേങ്ങ തരുമെന്നാണ് വിശ്വാസം.
ഞങ്ങൾ വിഷുവിന് ഒരാഴ്ച മുന്നേ പൊട്ടിക്കാൻ തുടങ്ങുന്ന പടക്കങ്ങൾ വിഷു കഴിഞ്ഞും രണ്ടു ദിവസം പൊട്ടിക്കും. വിഷുവിന് ഗംഭീര വെടിക്കെട്ട്. കമ്പിത്തിരി, പൂത്തിരി, ലാത്തിരി, ചക്രം ,കൊരവപ്പൂ, പാമ്പ് ഗുളിക ,മാലപടക്കം ഈ ഐറ്റങ്ങൾ വേറെയും ഉണ്ടാവും. അന്ന് അത് ഒരു ഹരമായിരുന്നു,,ആവേശമായിരുന്നു. ചിലപ്പോഴൊക്കെ പടക്കങ്ങൾ കത്തിച്ച് വലിച്ചെറിയുമ്പോൾ കയ്യിന്റ അടുത്തൊക്കെ ഇരുന്ന് പൊട്ടുമ്പോൾ കയ്യ് തരിച്ചിട്ടുണ്ട്. ഉണങ്ങിയ ആഞ്ഞിലി തിരി കത്തിച്ച് അതിൽ നിന്നാണ് പടക്കത്തിന് തീ കൊളുത്തി എറിയുന്നത്. ആഞ്ഞിലിതിരിചന്ദന തിരി പോലെ കത്തി കൊണ്ടിരിക്കും.
പിന്നെ ഞങ്ങൾക്ക് ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ് വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവവും ക്രിസ്ത്യൻ പള്ളിയിലെ പെരുന്നാളും.
ആന എഴുന്നള്ളിപ്പും പഞ്ചവാദ്യവും ഉണ്ടാവും. അതിനേക്കാൾ കമ്പമാണ് ഉത്സവത്തിനും പെരുന്നാളിന്നും നേരത്തെ തന്നെ വന്ന് കെട്ടിയൊരുക്കുന്ന കളിപ്പാട്ടകച്ചവടക്കാരുടെ കടകളിലെ കളിപ്പാട്ടങ്ങൾ കാണുന്നത്. വളകളും മോതിരങ്ങളും നിരത്തിവെച്ചിരിക്കും.തോക്കുകളും മാല ക ളും പീപ്പികളും ബോട്ടുകളുംബൈ നാക്കുലറുകളും ബലൂണുകളും തൂക്കിയിട്ടിരിക്കും.
ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിയാലേ സമാധാനമുള്ളൂ. ചിലപ്പോൾ തോക്കാവും വാങ്ങുക.അതിന്റെയുള്ളിൽ പൊട്ടാസ് വെച്ച് പൊട്ടിക്കും. അല്ലെങ്കിൽ പുലിനഖമാല, അല്ലെങ്കിൽ ബൈ നാക്കുലർ, അതുമല്ലെങ്കിൽ ബോട്ട് ആയിരിക്കും വാങ്ങുക. അന്ന് വാങ്ങി കൂട്ടിയ പല കളിപ്പാട്ടങ്ങളും ഏറെക്കാലം ഞാൻ സൂക്ഷിച്ചു വച്ചിരുന്നു.
ഉൽസവപറമ്പുകളിൽ ചുവപ്പ്, പച്ച നിറമുള്ള കളറുള്ള മിഠായികൾ നിരത്തി വച്ചിട്ടുണ്ടാവും. അതിൽ ഏതെങ്കിലും കളറുമിഠായി വാങ്ങി ചവച്ച് ചുണ്ടും വായയും ഒക്കെ കളർ ആക്കുമായി രുന്നു. ഇന്നും ഉൽസവപറമ്പുകളിൽ ഇത്തരം കളറുമി ഠായികൾ കണ്ടിട്ടുണ്ട്.ഇതിൽ എന്ത് കളറാണ് ചേർക്കുന്നതെന്ന് എനിക്ക് ഇന്നും അന്നും അറിയില്ല.
അമ്പലത്തിലെ ഉത്സവത്തിന് ആന വരുമ്പോൾ അമ്മയുടെ വീടിനടുത്തുള്ള ഒരു വീട്ടിലെ ആനയേയും കൊണ്ടുവന്നിരുന്നു.
ഒരു ദിവസം ആന വീടിന്റെ വഴിയേ വന്ന പ്പോൾ എനിക്കും ആനപ്പുറത്ത് കേറാൻ കൊതി തോന്നി. അമ്മയോട് പറഞ്ഞു. അമ്മ സമ്മതം തന്നു.
- 'ഭാസ്ക്കരാ, അവനെ ഒന്ന് ആനപ്പുറത്ത് കയറണമെന്ന്?''
"അതിനെന്താ "ഭാസ്ക്കരൻ പറഞ്ഞു.
എന്നെ ആനയുടെ അടുത്തേക്ക് ഭാസ്ക്കരൻ ചേട്ടൻ എന്ന അനപാപ്പാൻ വിളിച്ചു.പുറകിലെ തൂണ് പോലുള്ള കാല് ആന പൊക്കി തന്നു. ആനപ്പുറത്ത് കയറി ഇരുന്നു. ആനയുടെ കഴുത്തിൽ കാലിടാൻ കയറൊന്നും ഉണ്ടായിരുന്നില്ല. ആ ന നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചരിയും. എട്ടേ പത്തേ എന്നും പറഞ്ഞാണല്ലോ ആന നടക്കുന്നത്. വീഴാൻ പോകുന്ന പോലെ തോന്നും. ധൈര്യത്തിൽ തന്നെ ആനപ്പുറത്തിരുന്നു.ഇരുന്നൂറു മീറ്ററോളം ദൂരം അനപ്പുറത്ത് സഞ്ചരിച്ചു.ഇറങ്ങാൻ നേരത്ത് ആന പുറകുവശത്തെ കാൽ പൊക്കി തന്നു. അതിലൂടെ ഊർന്നിറങ്ങി. ആദ്യത്തെ ഗജകേസരി യോഗം. അന്ന് ആനപ്പുറത്ത് കയറിയതിന്റെ ഒരു ത്രിൽ ഇന്നും എനിക്ക് ഫീൽ ചെയ്യാറുണ്ട്. പിന്നീട് ഇന്നേ വരെ ആനപ്പുറത്ത് കയറാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.
കൂടുതൽ ബാല്യകാല സ്മരണകൾ പിന്നീട്
(തുടരും)
✍️മജു
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
No comments:
Post a Comment