Tuesday, January 21, 2020

അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ- 8 )


സ്കൂളിൽ പഠിക്കുന്ന കാലം (ഏഴാം ക്ലാസുവരെയുള്ളതാണ് ഇപ്പോൾ എഴുതുന്നത്) ഞങ്ങൾക്ക് കളികൾ നിറഞ്ഞതായിരുന്നു. അവസാനത്തെ പി രീയ ഡ് കളിക്കുള്ളതായി രുന്നു. ഞങ്ങൾ ഓടിയും ജനലുവഴി ചാടിയും കളിച്ച് രസിച്ചു.ഉയരമുള്ള ബാത്ത് റൂമിന്റ മുകളിൽ നിന്നും ഉയരം കൂടിയ സ്ഥലത്തുള്ള ജനാലയിൽ നിന്ന് താഴേക്കു ചാടി കളിച്ചു.ഞങ്ങൾക്കാർക്കും ഒരു പോറലു പോലും പറ്റാതെ ദൈവം കാത്തിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികർ ഒന്നോടുമ്പോഴേ ഉരുണ്ടു പിരണ്ടുവീണ് ചോരയൊലിപ്പിച്ച് വരുന്നതു കാണാം.കുട്ടികളിൽ വ്യായാമം കുറഞ്ഞ താവാം കാരണം.
                സ്കൂളിന്റെ പുറകുവശത്തും കെട്ടിടങ്ങളുടെ വശങ്ങളിലുള്ള ഇടവഴികളിലൂടെയും ഞങ്ങൾ ഓടി കളിച്ചു.അധികം വരുന്ന എനർജി പുറത്തു കളയാൻ കുട്ടികൾ കളിക്കുക തന്നെ വേണം. ഉച്ച സമയത്തെ കുറച്ചു നേരത്തെ ഓടിക്കളി പോലും മയക്കം വിട്ട് ക്ലാസിൽ ശ്രദ്ധിക്കാൻ കുട്ടികളെ പ്രാപ്തരാക്കും.വൈകുന്നേരം അവസാനത്തെ പിരീയ ഡ് അര മണിക്കൂർ കളികൂടിയാകുമ്പോൾ പഠനത്തോടൊപ്പം ഉൻമേഷവും ഉൽസാഹവും നിറയും.വൈകുന്നേരം വീട്ടിലെത്തിയാലും കുറച്ചു നേരം കളിക്കും.

      സ്കൂളിൽ നിന്ന് വരുന്നത് പാടത്തും പറമ്പിലും കൂടി നടന്ന് പ്രകൃതി ഭംഗി ആസ്വദിച്ചും മാങ്ങയും പുളിയും എറിഞ്ഞു വീഴ്ത്തിയുമാണ് വരവ്. അവ കടിച്ചു തിന്നുകൊണ്ട് നടക്കും.റോഡിലൂടെ വരാമെങ്കിലും പാടവരമ്പിലൂടെ കയറിയുള്ള വരവ് കൂടുതൽ ഉൽസാഹം നൽകി. പച്ച വിരിച്ച പാടം കാണുന്നതു തന്നെ എന്തൊരു ഭംഗിയാണ്.അങ്ങി നെ നടന്നു വരുമ്പോൾ തെങ്ങിന്റെ ചുവട്ടിലൊക്കെ 250 മില്ലി ലിറ്റർ പെയിന്റിന്റെ ബോട്ടിലു പോലെ ഓരോന്നു കിടക്കുന്നതു കണ്ട് ചവിട്ടി നോക്കി.ആദ്യത്തെ ചവിട്ടിന് ഞണുങ്ങി. പിന്നത്തെ ചവിട്ടിന് അതിൽ നിന്ന് തെറിച്ചുവീണ വഴുവഴുത്ത ദ്രാവകം ഷർട്ടിലും ട്രൗസറിലും വീണു.ചാള നെയ്യ് തെങ്ങിന് വളമായിട്ട് ഇട്ടിരിക്കുന്നതാണ്. ഓണം കഴിഞ്ഞ സമയമായിരുന്നു.പുതിയ ട്രൗസറും ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. കുറെ പ്രാവശ്യം കഴുകിയിട്ടും ആചാള നെയ്യിന്റെ ചീഞ്ഞ മണം ട്രൗസറിൽ നിന്നും ഷർട്ടിൽ നിന്നും പോയില്ല.
     
        ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലും പറമ്പിലും വേമ്പനാട്ടു കായലിന്റെ തീരങ്ങളിലും ഞങ്ങൾ കളിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം കായലിൽ വേലിയേറ്റ സമയമാണ്. വെള്ളവും ഓളങ്ങളും കൂടും. വഴുക്കലുള്ള പാറകളിലൂടെ ബാലൻസ്ചെയ്ത് നടന്ന് വളർന്നു പൊങ്ങി നിൽക്കുന്ന കണ്ടൽ മരങ്ങളുടെ മുകളിൽ കയറി ഇരുന്ന് കാറ്റു കൊള്ളുന്നതായിരുന്നു മറ്റൊരു വിനോദം. അവിടെ ഇരുന്ന് നോക്കിയാലും താഴെ നിന്ന് നോക്കിയാലും കൊച്ചിൻ ഷിപ്പ് യാർഡിന്റെ ക്രെയിൻ കാണാം. സമയം പോകുന്നതറിയില്ല. പിന്നെ താഴെയിറങ്ങി ഓടി കളിച്ചു വീട്ടിലെത്തുമ്പോൾ വൈകുന്നേരത്തെ ചായയും കടിയും റെഡി.
      മിക്കവാറും രാവിലെ ദിവസങ്ങളിൽ വേമ്പനാട്ടു കായലിന്റെ തീരത്ത്  മുക്കുവൻ മാർ മീൻ പിടിച്ച് കഴിഞ്ഞ് ചായ കുടിക്കാൻ വള്ളം കരയ്ക്കടുപ്പിക്കും. വീട്ടിൽ നിന്ന് അമ്മ തന്നിരിക്കുന്ന പൈസയ്ക്ക് നല്ല കണമ്പും' കൂരിയും കട്ട് ലയും വാങ്ങാറുണ്ടായിരുന്നു. ഇതു കൂടാതെ വീട്ടിൽ മുക്കുവ സ ത്രീ കൾ മീൻ ദിവസവും കൊണ്ടു വരുമായിരുന്നു.അതു കൊണ്ട് തന്നെ ഭക്ഷണത്തിൽ മീനില്ലാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. അത് നല്ല കുടമ്പുളിയിട്ട് വയ്ക്കുമ്പോൾ രുചി കൂടും. പറമ്പിൽ മൂന്ന് നാലു കുടമ്പുളി ഉണ്ടായിരുന്നത് കൊണ്ട് കുടമ്പുളിക്ക് ക്ഷാമം ഉണ്ടായിരുന്നില്ല. അമ്മ വെയ്ക്കുന്ന മീൻ കറി കഴിക്കാൻ മിക്കപ്പോഴും കൂട്ടുകാരും വന്നിരുന്നു.
           രാവിലെ വേമ്പനാട്ടു കായലിന്റെ തീരങ്ങളിൽ മേയ്ക്കാൻ കൊണ്ടുവരുന്ന 'താറാവിൻ കൂട്ടങ്ങൾക്ക് കരിമ്പന ചെത്തി കൊടുക്കുന്ന കാഴ്ച രസകരമായിരുന്നു. ആ താറാവുകളൊക്കെ അവിടെ അടുത്ത വീട്ടിലെ ക്രിസ്ത്യാനികളുടേതായിരുന്നു.ചെമ്മീനിന്റെ തലയും യഥേഷ്ടം താറാവിന് കൊടുക്കും.പല താറാവുകളും വീട്ടിൽ നിന്ന് മുട്ടയിട്ടാണ് വരിക.അപൂർവ്വം ചില താറാവുകൾ കായൽ തീരത്തെത്തിയാൽ മുട്ടയിടാറുണ്ട്.

  വേമ്പനാട്ട് കായലിലൂടെ പടിഞ്ഞാറോട്ട് ഒരു ദിവസം ഉച്ചയ്ക്ക് വെള്ളം ഏറിയ സമയത്ത് നീന്തി. നീന്തി നീന്തി ഒപ്പമുണ്ടായിരുന്ന ചേട്ടൻ ഏറെ ദൂരെ എത്തിയിരുന്നു.കര വിടുന്തോറും കായലിന് ആഴം കൂടും. കമ്പവലയിൽ (ചീനവല) കയറി ഇരിക്കാമെന്നായിരുന്നു ഞങ്ങൾ എടുത്തിരുന്ന ധാരണ. പക്ഷേ പകുതി എത്തിയപ്പോഴേക്കും ഞാൻ തളർന്നു കഴിഞ്ഞിരുന്നു. കരയിൽ നിന്ന് നോക്കിയാൽ അടുത്തായി തോന്നുമെങ്കിലും ചീനവല വളരെ ദൂരെയായിരിക്കും. എനിക്ക് ഇനി വയ്യ എന്നു പറഞ്ഞപ്പോൾ കൂടെ നീന്തിയ ചേട്ടൻ തിരിച്ചു നീന്തി. ഞാനും തിരിച്ച് കരയിലേക്ക്. ഉപ്പുവെള്ളത്തിലൂടെ യു ള്ള നീന്തൽ ശരീരത്തിന് നല്ലതാണ്.

   പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം ഉച്ചയ്ക്ക് എനിക്ക് തൂറാൻ മുട്ടി. അന്ന് സ്കൂളിൽ ഒരു കക്കുസ് ഉണ്ടായിരുന്നു.അത് പൂട്ടിയിട്ടിരിക്കും. ടീച്ചർമാർ മൂത്രമൊഴിക്കാൻ പോകുന്ന മൂത്രപ്പുരയ്ക്കും മുകളിൽ ഷീറ്റൊന്നും ഉണ്ടായിരുന്നില്ല. പെൺകുട്ടികളും ടീച്ചറുമാരുടെ മൂത്രപ്പുര ഉപയോഗിച്ചു.മാഷമ്മാരുടെ മൂത്രപ്പുരയ്ക്കും മുകളിൽ ഷീറ്റ് ഇല്ല. ഞങ്ങൾ കമ്പിവേലി കെട്ടിയിരിക്കുന്ന വേലിയരികിലാണ് മൂത്രമൊഴിച്ചിരുന്നത്.ഇന്ന് സ്കൂളു നിറയെ ടോയ്ലറ്റുകൾ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്. രണ്ടിനു പോകാൻ ഒരേയൊരു വഴി സ്കൂളിനടുത്തുള്ള എന്റെ ഒരു കൂട്ടുകാരന്റെ കൂടെ ഓടി അവന്റെ വീടിനടുത്തുള്ള കൈതക്കാട്ടിൽ കയറി ഇരുന്ന് കാര്യം സാധിക്കുക എന്നതായിരുന്നു. അവൻ എനിക്ക് കൂട്ടായി കുറച്ചകലെ മാറി നിന്നിരുന്നു. അപ്പോൾ ആ വഴിയേ നടന്നു വന്ന ഒരാൾ എന്റെ കൂട്ടുകാരനെ കണ്ട് എന്താ ഇവിടെ നിൽക്കുന്നത് എന്ന ചോദ്യത്തിന് നിറഞ്ഞ ചിരി ചിരിച്ച് അവൻ എന്നെ നോക്കി. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. അയാൾ എന്നെ കണ്ടു കഴിഞ്ഞിരുന്നു. എനിക്ക് ലജ്ജയായി. അയാൾ 'ങ്ങാ '' എന്നു പറഞ്ഞു നടന്നു പോയി.അതിൽ അസാധാരണമായി അയാൾ ഒന്നും കണ്ടില്ല. ഭാഗ്യം. തൊട്ടപ്പുറത്തെ തോട്ടിലെ വെള്ളത്തിൽ ചന്തി കഴുകി. എന്തൊരാശ്വാസമാണ് ഞാനപ്പോൾ അനുഭവിച്ചത്. ആശ്വാസനിശ്വാസമായി സ്കൂളിൽ എത്തി.കൂടെ പഠിച്ച പല കൂട്ടുകാരേയും പിന്നീട് പല തവണ കണ്ടിട്ടുണ്ടെങ്കിലും ഈ കൂട്ടുകാരനെ വളരെ പണ്ടൊരിക്കൽ കണ്ട തൊഴിച്ചാൽ പിന്നീട് ഞാൻ കണ്ടിട്ടില്ല.
             സ്കൂളിനടുത്ത് തന്നെ അച്ഛനും അമ്മയ്ക്കും ഒരു മകൻ മാത്രമായി ഒരു കുട്ടി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. അവന് കോപ്പി എഴുതി കൊടുത്തിരുന്നത് അമ്മയായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് അവന്റെ കൂടെ ഞാൻ അവന്റെ വീട്ടിൽ പോയി. അവന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പോയത്. ഒരു ചെറിയ ഗ്ലാസിൽ കാൽ ഭാഗം വാറ്റുചാരായവും ഒരു പ്ലെയിറ്റിൽ കുറച്ച് പന്നി ഇറച്ചിയും അവന്റെ അമ്മ എനിക്ക് തന്നു. ആചാരായം ഞാൻ കുടിച്ചു.അവരുടെ വീട്ടിൽ ഉണ്ടാക്കുന്നതല്ലേ. പന്നിയിറച്ചിയും കഴിച്ചു.കൂട്ടുകാരനെ ഞാൻ നിരാശപെടുത്തിയില്ല. പിന്നീടൊരിക്കലും ചാരായം ഞാൻ കുടിച്ചിട്ടില്ല. ധാരാളം അവസരങ്ങൾ ഉണ്ടായിട്ടുപോലും. ആ കൂട്ടുകാരനെ ഇടയ്ക്കൊക്കെ കാണാറുണ്ട്.
                   സ്കൂളിൽ പോകുമ്പോൾ കയ്യിൽ പൈസയൊന്നും തരാറുമില്ലായിരുന്നു.പലപ്പോഴും ഈ കൂട്ടുകാരൻ എനിക്ക് സേമിയ ഐസും പാല് ഐസും വാങ്ങി തന്നു.
   സ്കൂളിൽ കുട്ടികൾക്ക് പൈസ കൊടുത്തു വിടേണ്ട കാര്യമില്ല. എന്നാലും അവൻ ദിവസവും പൈസ കൊണ്ടുവരും.
     പെൺകുട്ടികളുടെ മൂത്രപ്പുരയുടെ സൈഡിൽ കുറച്ചു കിഴക്കു മാറി കമ്പിവേലിയുടെ പുറത്ത് രാവിലെ ഇടവേളയ്ക്കും ഉച്ചയ്ക്ക് ഇടവേള സമയ ത്തും അയാൾ ഐസുമായി എത്തും. സൈക്കിളിൽ പെട്ടിയുമായി നിൽക്കുന്ന അയാളിൽ നിന്ന് സ്കൂളിലെ പല കുട്ടികളും ഐസ് വാങ്ങി തിന്നു. എന്റെ കൂട്ടുകാരൻ എനിക്ക് നിർലോഭം ഐസ് വാങ്ങി തന്നിട്ടുണ്ട്.
     ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു കാര്യം കൂടി പറഞ്ഞ് നിർത്താം. വീട്ടിനടുത്തെ വീട്ടിൽ കൂട്ടുകാരുമായി കളിക്കുമ്പോൾ ഞാൻ ബസായികളിക്കുകയായിരുന്നു. ഒരു ഫീസായ ബൾബ്‌ ചരടിൽ കെട്ടി അരയിൽ കെട്ടി പുറകിൽ തൂക്കിയിരുന്നു.അത് ബസിന്റെ ലൈറ്റാണെന്ന് സങ്കൽപം. കുറേ ദൂരം ഓടി ക്ഷീണിച്ച് ഒറ്റ ഇരുപ്പി രു ന്നു. കതിന പൊട്ടുന്ന ശബ്ദം കേട്ട് കാതു പൊത്തി. ശബ്ദം വേറൊന്നുമായിരുന്നില്ല. വേഗം ഇരുന്നപ്പോൾ ലൈറ്റ് പൊട്ടിയതാണ്.ഒരു പോറൽ പോലും ഏറ്റില്ല. കുട്ടികളെ കുറെയൊക്കെ ദൈവം കാക്കും എന്ന് കേട്ടിട്ടില്ലേ.മാതാപിതാക്കൾ ചെയ്ത സുകൃതം കൊണ്ട് കൂടിയാവാം ആ കുഞ്ഞ് ചന്തിയിൽ ബൾബിന്റെ ഒരു തരി പോലും കൊള്ളാഞ്ഞത്.

                  - (തുടരും)

✍️മജു.

💥💢🔥❣️🌞💢💥💢🔥🍂💞🌹💢❣️🔥💥💕

No comments:

Post a Comment