സ്ക്കൂൾ വാർഷികത്തിന്റെ നോട്ടീസ് നേരത്തെ തന്നെ വിതരണം നടത്തി കഴിഞ്ഞിരുന്നു. ഉദ്ഘാടനത്തിന് സ്ഥലം എം.എൽ.എ കൃത്യ സമയത്തു തന്നെ എത്തി.
അപ്പോഴാണ് നന്ദി പറയുന്നതിൽ സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചറുടെ പേരു വച്ചതിന് സീനിയർ മോസ്റ്റ് സുലോചന ടീച്ചർ പ്രശ്നം ഉണ്ടാക്കിയത്.തന്റെ പേരു വയ്ക്കാതെ ശോഭ ടീച്ചറുടെ പേരു വച്ചതിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി സുലോചന ടീച്ചർ.
ആര് നന്ദി പറയണം എന്ന് ഹെഡ്മിസ്ട്രസ് സത്യഭാമ ടീച്ചർ തീരുമാനിക്കട്ടെ.
" എനിക്ക് രണ്ടിലൊന്നറിയണം, എന്റെ പേര് വയ്ക്കാതെ ശോഭയുടെ പേര് നന്ദി പറയാൻ നോട്ടീസിൽ വച്ച നിങ്ങൾ എന്ത് അപരാധമാണ് കാണിച്ചത് സത്യഭാമ ടീച്ചർ? " സുലോചന ടീച്ചർ ചൂടായി കൊണ്ട് ചോദിച്ചു.
" തർക്കം പരിഹരിക്കാൻ എം.എൽ.എ വിളിക്കണോ " കഞ്ഞിപ്പുരയിൽ നിന്നും കഞ്ഞി വയ്ക്കണ സരള ചോദിക്കണതു കേട്ടു.
" ശോഭ ടീച്ചറോ സുലോചന ടീച്ചറോ ആരെങ്കിലും ഒരാൾ നന്ദി പറഞ്ഞോളൂ, നന്ദി പറഞ്ഞൂന്ന് വച്ച് സർക്കാർ ഒരു ഇൻക്രിമെന്റ് ഒന്നും തരാൻ പോണില്ല " എച്ച്.എം.സത്യഭാമ ടീച്ചർ പറഞ്ഞു.
ഉൽഘാടന സമ്മേളനം കൃത്യം 6 മണിക്ക് തന്നെ തുടങ്ങി .
സ്വാഗതം പ്രഥമാധ്യാപിക സത്യഭാമ ടീച്ചർ പറഞ്ഞു. അധ്യക്ഷനായി പിടിഎ പ്രസിഡൻറിനെ ക്ഷണിച്ചു.പി.ടി.എ പ്രസിഡന്റ് ഉൽഘാടനത്തിന് എം.എൽ.എ യെ ക്ഷണിച്ചു.
'"എന്റെ ഗീർവാണം കേൾക്കാനല്ല നിങ്ങൾ ഇരിക്കുന്നതെന്നറിയാം, നിങ്ങളുടെ കുഞ്ഞുമക്കളുടെ പരിപാടികൾ കാണാനിരിക്കുന്ന നിങ്ങളെ സംസാരിച്ച് വെറുപ്പിക്കുന്നില്ല, ഈ പരിപാടി ഉദ്ഘാടനം ചെയ്ത തായി അറിയിക്കുന്നു" എന്ന് പറഞ്ഞ് എം.എൽ.എ പ്രസംഗം നിർത്തി. എം എൽ.എ യും വേദിയിലുണ്ടായിരുന്ന എല്ലാവരും കൂടി വിളക്കിന് തിരിതെളിച്ചു.
പഞ്ചായത്ത് പ്രസിഡന്റും രണ്ട് വാക്ക് സംസാരിച്ചു.
നന്ദി പറയാൻ നോട്ടീസിലെ പേരാണ് അധ്യക്ഷൻ വിളിച്ചത്, സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചറെ..
ശോഭ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. "എന്റെ നന്ദി പോരാതെ സീനിയർ മോസ്റ്റ് സുലോചന ടീച്ചറും കൂടി നന്ദി പറയുന്നതായിരിക്കും " ശോഭ ടീച്ചർ പറഞ്ഞു.
സുലോചന ടീച്ചറും കൂടി എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു. അങ്ങനെ യോഗം സമംഗളം അവസാനിച്ച് കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. ബാക്കി അധ്യാപിക അധ്യാപകർക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.
ഗുണപാഠം: ഒരുപാട് വിവരമുള്ളവരിൽ നിന്ന് ഒന്നും പഠിക്കാൻ പറ്റണമെന്നില്ല.വിവരമില്ലാത്തവരിൽ നിന്ന് ധാരാളം പഠിക്കാൻ കഴിയും.
- ശുഭം -
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
No comments:
Post a Comment