Monday, January 18, 2021

The great Indian Kitchen. മഹത്തായ ഭാരതീയ അടുക്കള.



      വിദ്യാസമ്പന്നയായ ഭാര്യ ജോലിക്ക് അപേക്ഷ അയച്ചതു പോലും തെറ്റായി കരുതുന്ന യാഥാസ്ഥിതികനായ കോളേജ് ലക്ചറായ  ഭർത്താവും ഭർത്തൃപിതാവും.


 കളക്ടർക്കും മേലാണ് അടുക്കള ജോലിയും കുട്ടികളെ വളർത്തലും എന്ന ഡയലോഗ്.....


    കുടുംബത്തിൻ്റെ അന്തസ്, വ്യക്തിയുടെ അന്തസ് ഏതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.... രണ്ടിനും വേണ്ടേ.....


   സംവിധായകൻ ജിയോ ബേബി യാഥാസ്ഥിതിക കുടുംബത്തിൽ വന്നു കയറിയ (അങ്ങനെയാണല്ലോ പറയുക.... വന്നു കയറുക )  ദുർഗന്ധം വമിക്കുന്ന അടുക്കള പ്രമേയമാക്കി ഇനിയും ചിലതൊക്കെ മാറേണ്ടതില്ലേ എന്ന ആശയം പങ്കുവയ്ക്കുന്നു.....


    ആർത്തവം അശുദ്ധിയല്ലെന്ന് സുപ്രീം കോടതി പറയുമ്പോഴും 7 ദിവസം ഒരു മുറിയിൽ ഒരു പായിൽ ഒരു പ്ലേറ്റും ഗ്ലാസും മാത്രം ഉപയോഗിച്ച് മാറിയിരിക്കേണ്ട ഏകാന്തവാസം.


     ആർത്തവ സമയത്ത് സത്രീകൾക്ക് വിശ്രമം ആവശ്യമാണ് എന്ന കാഴ്ച്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ പണ്ടുള്ളവർ വിശ്രമത്തിന് ഉപദേശിച്ചിട്ടുണ്ടാവാം. ആ സമയത്ത് അവർ വിശ്രമിക്കട്ടെ. വാളെടുത്തവനൊക്കെ വെളിച്ചപ്പാടായപ്പോൾ അതിനൊക്കെ പല മാനങ്ങൾ വന്നു പോയതാവാം. ശരീരത്തിൽ നടക്കുന്ന ജൈവീകമായ ഒരു പ്രവർത്തനം എങ്ങനെയാണ് ഇത്രമാത്രം അശുദ്ധി കൽപ്പിക്കപ്പെട്ടതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത സംഗതിയാണ്. മനുഷ്യ മനസിലെ മാലിന്യമാണ് ആദ്യം മാറ്റേണ്ടത്...... അതിനേക്കാൾ അശുദ്ധമായതൊന്നും തന്നെ ഭൂമിയിലില്ല....


    സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കഥാപാത്രത്തോട് നീതി പുലർത്തി.


     സമൂഹത്തിൽ മാറ്റങ്ങൾ വരേണ്ടതായ പല കാര്യങ്ങളും സിനിമയിൽ പറയുന്നുണ്ട്.പലതും സമൂഹത്തിൽ മൊത്തമായി എന്നു പറയാനും കഴിയില്ല. പുരോഗമനാശയങ്ങളും സഹിഷ്ണുതയും സ്നേഹവും ഉള്ളിടത്തൊക്കെ ഇതിൽ പറഞ്ഞ പലതിലും എന്നേ മാറ്റം വന്നു കാണണം. എങ്കിലും സിനിമയാണ്.... കലയാണ്..... കല ജീവിതം തന്നെയാണ്...... സിനിമ കാണുക....


✍️M@ju

No comments:

Post a Comment